ഇതൊരു പാചകക്കാരന്റെ കുറിപ്പല്ല…അല്ലെങ്കില്‍ തന്നെ നാട്ടുകാര്‍ക്കിടയില്‍ ഒരു ശ്രുതിയുണ്ട്, എനിക്കിവിടെ കൂലിപ്പണി ആണെന്നു (ആധാരം സലിംകുമാര്‍). ഇതു കൂടി വായിച്ചാല്‍ പിന്നെ ഇവന് ദുബായില്‍ കുശിനിപ്പണിക്കു വന്നതാണോന്നു വരെ ചിന്തിച്ചു കളയും. സംഗതി എനിക്കും ഇഷ്ടമുള്ള വിഷയമാണു ഈ പാചകം. പക്ഷേ അതു പുറത്തു പറഞ്ഞാല്‍ നാട്ടില്‍ ചെല്ലുമ്പോ പ്രിയതമ കിച്ചെനില്‍ നിന്നും ലോങ് ലീവ് എടുത്തു കളയും. ഇന്നിപ്പോ പെസഹ വ്യാഴമാണു സത്യ ക്രിസ്ത്യാനികള്‍ അപ്പവും പാലുമുണ്ടാക്കി പെസഹാ സ്മരണ നടത്തേണ്ട ദിവസസം. അപ്പവും പാലും, രണ്ടും ഇതിനു മുന്‍പു ഉണ്ടാക്കിയിട്ടില്ല. എന്തായാലും വെബ്ലോകത്തില് കണ്ടപോലെ ഒന്നു വെച്ചു നോക്കുന്നതില്‍ തെറ്റില്ല…ഇതു എന്നെപ്പോലെ കുക്ക് ചെയ്യാന്‍ ആഗ്രഹം മാത്രമുള്ളവര്‍ക്കു വേണ്ടി ഡെഡികേറ്റ് ചെയ്യുന്നു.
പെസഹാ അപ്പം
അരിപ്പൊടി വറുത്തത് 2 കപ്പ്
ചിരകിയ തേങ്ങാ 1 കപ്പ്
ഉഴുന്നു ¼ കപ്പ്
ജീരകം ½ ടിസ്പൂണ്‍
വെളുത്തുള്ളി 2-3 അല്ലി
ചുവന്നുള്ളീ (ചെറുത്) 10-15 എണ്ണം
ഉപ്പ് ആവശ്യത്തിനു
ഉഴുന്നു മൂന്നോ നാലോ മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി വെക്കുക. കുതിരന്ന ഉഴുന്നും ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകവും തേങ്ങാ ചിരകിയതും ചേര്‍ത്തു മിക്സിയിലിട്ടോ കല്ലില്‍ വെച്ചോ നന്നായി പതം വന്ന രീതിയില്‍ അരച്ചെടുക്കുക. അരിപ്പൊടി നേരിയ ചൂടു വെള്ളത്തില്‍ നന്നായി കല്‍ക്കി അപ്പത്തിനുള്ള മാവ് രൂപത്തില്‍ ആക്കി എടുക്കുക. അതിലേക്ക് ഉഴുന്ന്, ഉള്ളി ചേര്ത്തുണ്ടക്കിയ മിശ്രിതവും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. ഇതു മിക്സിയിലോ കല്ലിലോ അരച്ച് കുറച്ചു കൂടി മയപ്പേടുത്തുക. അതിനു ശേഷം ഉള്ളുള്ള പരന്ന പാത്രത്തില്‍ വാഴയില വെച്ചു അതിനു മുകളില്‍ അല്പം വെളിച്ചെണ്ണ പുരട്ടിയ ശേഷം അവശ്യത്തിനു മാവു ഒഴിച്ചു അപ്പച്ചെമ്പിലോ ഈഡ്ഡിലി ചെമ്പിലോ വെച്ച് പുഴുങ്ങാവുന്നതാണു. ആദ്യം ഉണ്ടാക്കുന്ന അപ്പത്തിനു മുകളില്‍ ഓശാന ഞായറാഴ്ച ഉപയോഗിക്കുന്ന കുരുത്തോലയില്‍ നിന്നു ചീന്തിയെടുത്ത ഓല കഷണം കൊണ്ടു കുരിശാകൃതി ഉണ്ടാക്കി വെക്കുന്ന ആചാരവും നിലവിലുണ്ട്. വേവ് ആവശ്യത്തിനായി കഴിഞ്ഞാല്‍ അപ്പം ഇറക്കി വെക്കാവുന്നതാണു.
പെസഹാ പാലു
ഉപ്പില്ലാത്ത ശര്ക്കര് ½ കപ്പ്
കുതിര്‍ത്ത് ഉണക്കിയ അരി 2 കപ്പ്
തലപ്പാല്(തേങ്ങ ആദ്യംപിഴിഞത്) 1 കപ്പ്
രണ്ടാം പാല് 2 കപ്പ്
ചുക്ക് 1 കഷണം(ചെറുത്)
ഏലക്ക 3-4 എണ്ണം
ജീരകം ½ ടിസ്പൂണ്‍
1. ചെറുതായി ഉടച്ച ശര്‍ക്കര അരക്കപ്പ് വെള്ളത്തില്‍ ഇട്ടു ചൂടാക്കി നന്നയി ഇളകുക. ശര്‍ക്കര മുഴുവനായി അലിഞ്ഞു തീരും വരെ ഇളക്കണം. ഇത് അരിച്ച് മാറ്റിവെക്കുക.
2. കുതിര്‍ത്ത് ഉണക്കിയ അരി വറുത്തെടുക്കുക. ഇതു ജീരകം ഏലക്ക, ചുക്കു എന്നിവ ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം തലപ്പാല് ചേര്‍ത്ത് നന്നായി കലക്കി വെക്കുക.
ശര്‍ക്കര പാനീയം രണ്ടാം പാല് ചേര്‍ത്ത് ചൂടാക്കുക. ചെറുതായി ചൂടായ ശേഷം അതിലേക്ക് രണ്ടാം ചേരുവ ചേര്‍ക്കുക. ആവശ്യത്തിനു കുറുകുന്നത് വരെ നന്നായി ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
പെസ്സഹ അപ്പവും പാലും റെഡി.
Very good and relevent information esp. today. God bls U and your family.